NationalNews

മണിപ്പുർ, നാഗാലാ‌ൻഡ് , അരുണാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിൽ അഫ്‌സ്പ നിയമം നീട്ടി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സായുധ സേന വിഭാഗങ്ങൾക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം നീട്ടി. മണിപ്പുർ, നാഗാലാ‌ൻഡ് , അരുണാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് നിയമം നീട്ടിയത്. നിലവിലെ ക്രമസമാധാനനില അവലോകനം ചെയ്ത ശേഷമാണ് കേന്ദ്ര സർക്കാർ ആറുമാസത്തേക്ക് കൂടി നിയമം നീട്ടിയത്. ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലാണ് ഈ വിവരമുള്ളത്. ഈ മേഖലകളിലെ ക്രമസമാധാന നിലയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് നിയമത്തിന്റെ കാലാവധി വർധിപ്പിക്കാൻ കേന്ദ്രം തീരുമാനമെടുത്തത്. പ്രത്യേക അധികാര നിയമം പ്രാബല്യത്തിലുള്ള പ്രദേശങ്ങളിൽ, മുൻകൂട്ടി പിൻവലിച്ചില്ലെങ്കിൽ ഒക്ടോബർ 1 മുതൽ അടുത്ത ആറു മാസത്തേക്ക് കൂടി നിയമം തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

മണിപ്പൂരിൽ അഞ്ച് ജില്ലകളിലായി വരുന്ന 13 പോലീസ് സ്റ്റേഷൻ അതിർത്തികൾ ഒഴികെയുള്ള സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം അശാന്ത പ്രദേശമായി പ്രഖ്യാപിച്ചുള്ള ഉത്തരവ് ദീർഘിപ്പിച്ചിട്ടുണ്ട്. നാഗാലാൻഡിൽ ദിമാപ്പൂർ, നിയുലാന്റ്, ചുമുക്കെഡിമ, മോൺ, കിഫൈർ, നോക്ലാക്, ഫെക്, പെരെൻ, മേലുരി എന്നീ ഒമ്പത് ജില്ലകളിലാണ് ഈ പ്രത്യേക നിയമം തുടരുക. ഇതിനുപുറമേ, വടക്കുകിഴക്കൻ അതിർത്തി മേഖലയായ അരുണാചൽ പ്രദേശിലെ ചില നിർദ്ദിഷ്ട മേഖലകളിലും അഫ്സ്പ ദീർഘിപ്പിച്ചിട്ടുണ്ട്.

സായുധ സേനകൾക്ക് അടിയന്തര ഘട്ടങ്ങളിൽ സെർച്ച് ഓപ്പറേഷനുകൾ നടത്താനും, കോടതി വാറന്റുകളില്ലാതെ അറസ്റ്റ് ചെയ്യാനും, ക്രമസമാധാനം നിലനിർത്താൻ വിപുലമായ നടപടികൾ സ്വീകരിക്കാനും അധികാരം നൽകുന്നതാണ് 1958-ലെ ഈ പ്രത്യേക നിയമം. പ്രദേശത്തെ സുരക്ഷ ഉറപ്പുവരുത്താനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സുരക്ഷാ സാഹചര്യം നിരീക്ഷിക്കാനുമാണ് നിയമം ആറു മാസത്തേക്ക് കൂടി അടിയന്തരമായി നീട്ടി നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button