
ഹരിയാനയിൽ ടെന്നീസ് താരം പിതാവിന്റെ വെടിയേറ്റ് മരിച്ചു. സംസ്ഥാനതല ടെന്നീസ് താരം രാധിക യാദവാണ് (25) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10.30ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്സിലെ വീട്ടിൽ വെച്ചാണ് സംഭവം.
വീട്ടിലെ ഒന്നാം നിലയിൽ വെച്ച് രാധികയുടെ പിതാവ് അഞ്ച് തവണയാണ് വെടിയുതിര്‍ത്തത്. ഇതിൽ മൂന്നെണ്ണം രാധികയുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയവര്‍ രാധികയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ രാധികയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പൊലീസ് പിടിച്ചെടുത്തു.
സാമൂഹിക മാധ്യമത്തിലിട്ട റീലിനെ ചൊല്ലി രാധികയും പിതാവും തമ്മിൽ തര്‍ക്കമുണ്ടായതായാണ് വിവരം. തര്‍ക്കത്തിനിടെ പ്രകോപിതനായി രാധികയുടെ പിതാവ് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍റെ 113ാം റാങ്കുള്ള ഡബിള്‍സ് താരമാണ് രാധിക യാദവ്. സംസ്ഥാന തലത്തിൽ നിരവധി ടെന്നീസ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള രാധിക നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.