News

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഈയാഴ്ച ചേരും

മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതി സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈയാഴ്ച യോഗം ചേരും. പിരിച്ചുവിട്ട മേല്‍നോട്ട സമിതി നിര്‍ദേശിച്ച കാര്യങ്ങളില്‍ എന്തു നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്നു ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍പഴ്‌സണ്‍ അധ്യക്ഷനായ പുതിയ മേല്‍നോട്ട സമിതി കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചന തുടങ്ങി.
ഡാം സൈറ്റിലേക്കുള്ള വഴിയിലെ മരങ്ങള്‍ മുറിച്ചുനീക്കണമെന്നും ബേബി ഡാം ബലപ്പെടുത്തണമെന്നും കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായ പഴയ മേല്‍നോട്ട സമിതി കേരളത്തോടു നിര്‍ദേശിച്ചിരുന്നു. പക്ഷേ, കേരളം ഇതു നടപ്പാക്കിയിട്ടില്ല.

തര്‍ക്ക വിഷയങ്ങളില്‍ രണ്ടാഴ്ചയ്ക്കം സമിതി തീരുമാനമെടുക്കണമെന്നും മേല്‍നോട്ട സമിതിയെടുക്കുന്ന തീരുമാനങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടിലൂടെ അറിയിക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞാഴ്ച ഉത്തരവിട്ടിരുന്നു. ഇതിന്റെ വെളിച്ചത്തിലാണു സമിതി ഈയാഴ്ച ചേരുന്നത്.
സംസ്ഥാനങ്ങള്‍ക്ക് 2014 ലെ മേല്‍നോട്ട സമിതിയില്‍ കൂടുതല്‍ അധികാരമുണ്ടായിരുന്നു. പുതിയ സമിതിയില്‍, സംസ്ഥാനങ്ങള്‍ എതിര്‍ത്താലും ചെയര്‍മാനു തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. പുതിയ ചെയര്‍മാന്‍ തമിഴ്‌നാടിന് അനൂകുല നിലപാടെടുക്കന്ന ആളാണെന്നതാണു കേരളത്തിന്റെ ആശങ്ക. ഇരു സംസ്ഥാനത്തിനും സ്വീകാര്യമായ പരിഹാരം കണ്ടെത്തണമെന്നാണു സുപ്രീം കോടതി നിര്‍ദേശമെങ്കിലും ഈയാഴ്ച ചേരുന്ന യോഗത്തില്‍ കേരളത്തോടു പഴയ നിര്‍ദേശങ്ങള്‍തന്നെ സമിതി ആവര്‍ത്തിക്കാനാണു സാധ്യത.

മരം മുറിക്കണമെന്നും ബേബി ഡാം ബലപ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചാല്‍, എതിര്‍ക്കാന്‍ കേരളത്തിനാവില്ല. വൈകിപ്പിക്കാമെന്നു വച്ചാല്‍, കോടതിയും സമ്മതിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ആശങ്കയും നിസഹായാവസ്ഥയും സുപ്രീം കോടതിയെ വീണ്ടും ബോധ്യപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സുപ്രീം കോടതിയിലെ മാറിവരുന്ന ബെഞ്ചുകള്‍ വ്യത്യസ്തമായ ഉത്തരവുകളാണ് ഈ വിഷയത്തില്‍ നല്‍കുന്നത്. മുമ്പു കേരളത്തിനായി ഹാജരായിട്ടുള്ള മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വയെ വീണ്ടും നിയോഗിക്കാനും ആലോചിക്കുന്നു.

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള ഹര്‍ജികള്‍ ഒരുമിച്ചു മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതില്‍ തീരുമാനമെടുക്കുന്നതിനു ചീഫ് ജസ്റ്റിസിനു വിട്ടിട്ടുണ്ട്. നിരീക്ഷണ സമിതിയുടെ നിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ലെന്നായിരുന്നു തമിഴ്‌നാട് ഉയര്‍ത്തിയ പ്രധാന വിമര്‍ശനം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്കു കൈമാറിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ്, 2021ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ട ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈമാറിയത്. സുപ്രീം കോടതിയില്‍ കേരളം പല തവണ ആവശ്യപ്പെട്ട കാര്യമായിരുന്നു ഇത്.
മേല്‍നോട്ട സമിതിയില്‍ ഏഴംഗങ്ങളാണുള്ളത്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും തമിഴ്‌നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാനും കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പു ചെയര്‍മാനും അംഗമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button