വന്യജീവി ആക്രമണം, പൊലിഞ്ഞത് 260 മനുഷ്യജീവനുകള്‍
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് 2016 മുതല്‍ കഴിഞ്ഞ ജനുവരി വരെ 197 പേര്‍ക്കു കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതായി വിവരാവകാശ രേഖ. കാട്ടുപന്നികള്‍മൂലം 53 പേര്‍ക്കും കടുവകള്‍മൂലം 10 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.
അതേസമയം, പ്രതിരോധ സംവിധാനങ്ങള്‍ എത്ര ശതമാനം പ്രവര്‍ത്തനക്ഷമമാണ് എന്ന ചോദ്യത്തിനു വനംവകുപ്പിനു മറുപടിയില്ല.
2016 മേയ് മുതല്‍ കഴിഞ്ഞ ജനുവരി എട്ടു വരെ എത്ര ശതമാനം ഫെന്‍സിങ്ങും മറ്റു പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചെന്നും അതില്‍ എത്ര ശതമാനം പ്രവര്‍ത്തനക്ഷമമാണെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി ഉന്നയിച്ച ചോദ്യങ്ങള്‍ക്കു ചോദ്യം അവ്യക്തമാണെന്ന മറുപടിയാണു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയത്. ജില്ല തിരിച്ചുള്ള കണക്കുകളും നല്‍കാന്‍ തയാറായില്ല. കഴിഞ്ഞ 18നു നല്‍കിയ മറുപടിയിലാണ് ഈ അവ്യക്തത. അതേസമയം, 280 ജനജാഗ്രതയും 28 ആര്‍.ആര്‍.ടിയും പ്രവര്‍ത്തിക്കുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
മൃഗങ്ങളെ ഉള്‍ക്കാട്ടിലേക്കു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുരത്തിയോടിച്ചിട്ടും രാത്രിയാകുമ്പോള്‍ അവ തിരിച്ചെത്തി ആക്രമിക്കുന്ന പ്രവണത പ്രകടമാണ്.കാന്തല്ലൂരില്‍ കാട്ടാന അടക്കമുള്ള വന്യജീവികളുടെ ആക്രമണം ഏതു നിമിഷവും ഉണ്ടാകാവുന്ന സാഹചര്യമാണ്. ആറു മാസമായി ഇരുപതിലധികം കാട്ടാനകളാണ് വിവിധ സംഘങ്ങളായി കാന്തല്ലൂരിലെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ച് കൃഷിസ്ഥലത്തും ജനവാസമേഖലയിലും ഭീതിപടര്‍ത്തുന്നത്. കാട്ടുപോത്തിന്റെ നീക്കങ്ങളും ഭീതിയുണര്‍ത്തുന്നതാണ്.വന്യജീവി ആക്രമണത്തില്‍ ഒരു പതിറ്റാണ്ടിനിടെ നൂറിലേറെ ആദിവാസികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.