കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കൊച്ചി: ഇന്ന് നടക്കുന്ന കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗ്ലോബല്‍ സമ്മിറ്റ് നന്നാവട്ടെ എന്ന് അദ്ദേഹം റിപ്പോർട്ടർ ടി വിയോട് പറഞ്ഞു. നേരത്തെ പി രാജീവ് ഉച്ചക്കോടിയിലെ പ്രതിപക്ഷത്തിന്റെ സഹകരണത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചക്കോടിക്ക് കരുത്തുപകരുമെന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രതികരണം.
കെഎസ്ഐഡിസിയാണ് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടി സംഘടിപ്പിക്കുന്നത്. മൂവായിരത്തോളം പേർ പങ്കെടുക്കും. ബോൾഗാട്ടി ലുലു അന്താരാഷ്ട്ര കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടിയിൽ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി, യുഎഇ ധനമന്ത്രി അബ്ദുള്ള ബിൻ തുക് അൽമാരി, ബഹ്റൈൻ വാണിജ്യ -വ്യവസായ മന്ത്രി അബ്ദുള്ള ബിൻ അദെൽ ഫഖ്രു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോർട്സ് എംഡി കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി പങ്കെടുക്കും.
കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. 26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ ഉച്ചകോടിയിൽ സന്നിഹിതരാകും. സിംബാബ്‌വേ, ബഹ്റൈൻ, അബുദാബി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിതലസംഘവും ഉച്ചകോടിയിൽ പങ്കെടുക്കും. ജർമനി, വിയറ്റ്നാം, നോർവേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കാളികളാകും. ഷാർജ, അബുദാബി, ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിയ്ക്കെത്തും. വിദേശ പ്രതിനിധികൾ അടക്കം 3000 പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ വിവിധ മേഖലകളെ കുറിച്ചുള്ള 30 സെഷനുകളും നടക്കും.