KeralaNews

പത്മജ വേണുഗോപാല്‍ ബിജെപി വിടുന്നു; കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് സൂചന

കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി ബിജെപിയില്‍ ചേര്‍ന്ന ദേശീയ സമിതി അംഗം പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി സൂചന. ദേശീയ നേതൃത്വവുമായും സംസ്ഥാന പ്രസിഡന്റുമായും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് തീരുമാനം. അടുത്ത ദിവസം രാജീവ് ചന്ദ്രശേഖരന് രാജിക്കത്ത് കൈമാറിയേക്കും എന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം നാളെ ഉണ്ടായേക്കും. അതിനിടെ, പത്മജ കോൺഗ്രസിലേക്ക് മടങ്ങാനുള്ള സാധ്യതയും ചർച്ചയാകുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തിയതായും വിവരമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍നിന്ന് പത്മജ വിട്ടുനില്‍ക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രധാന പരിപാടികളിലും പത്മജയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോള്‍ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിച്ചില്ലെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പദവികള്‍ ആവശ്യപ്പെട്ട് പലതവണ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും പദവികളൊന്നും ലഭിച്ചില്ല. തുടര്‍ച്ചയായ അവഗണനയാണ് പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കാരണം. പത്മജയ്‌ക്കൊപ്പം ബിജെപിയിലേക്ക് എത്തിയ ചില പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം. രാജി സംബന്ധിച്ച് പത്മജയുടെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഒക്ടോബര്‍ 17ന് സമാനമായ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി വിടാന്‍ ആലോചിച്ചിട്ടില്ലെന്നും പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ലെന്നും പത്മജ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button