
പശ്ചിമബംഗാള്‍ എസ്‌ഐആര്‍ ട്രൈബ്യൂണലില്‍ നിന്നും ഒരു ജഡ്ജി കൂടി രാജിവെച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജി ബിശ്വജിത് ബസുവാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് ബിശ്വജിത് ബസു കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍ വി ഘുഗെയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്.
എസ്‌ഐആര്‍ പ്രക്രിയ പരിശോധിക്കാന്‍ രൂപീകരിച്ച പാനലുകളുടെ തലവന്മാരായി നിയമിക്കപ്പെട്ട 19 റിട്ടയേര്‍ഡ് ജഡ്ജിമാരില്‍ പദവി ഒഴിയുന്ന നാലാമത്തെയാളാണ് ജസ്റ്റിസ് ബിശ്വജിത് ബസു. കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, റിട്ടയേര്‍ഡ് ജഡ്ജിമാരായ രഞ്ജിത് കുമാര്‍ ബാഗ്, ഇന്ദ്രജിത് ചാറ്റര്‍ജി എന്നിവര്‍ നേരത്തെ രാജി വെച്ചിരുന്നു.
സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് മാര്‍ച്ചിലാണ് പശ്ചിമ ബംഗാളില്‍ 19 അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ രൂപീകരിച്ചത്. എസ്‌ഐആര്‍ പ്രക്രിയയിലൂടെ പേരുകള്‍ വെട്ടിമാറ്റപ്പെട്ട വോട്ടര്‍മാര്‍ നല്‍കിയ അപ്പീലുകളാണ് ട്രൈബ്യൂണലുകള്‍ പരിഗണിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കിയതിനെതിരെയോ അല്ലെങ്കില്‍ ഉള്‍പ്പെടുത്തിയതിനെതിരെയോ ഉള്ള ഏകദേശം 38 ലക്ഷത്തോളം അപ്പീലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണ് ട്രൈബ്യൂണലുകളുടെ ചുമതല.
മുര്‍ഷിദാബാദില്‍ നിന്നുള്ള കേസുകള്‍ പരിഗണിക്കാന്‍ നിയോഗിക്കപ്പെട്ട ജഡ്ജിമാരാണ് സ്ഥാനമൊഴിഞ്ഞ ജസ്റ്റിസുമാരായ ബിശ്വജിത് ബസുവും ഇന്ദ്രജിത് ചാറ്റര്‍ജിയും. മുസ്ലീം ഭൂരിപക്ഷമുള്ള മുര്‍ഷിദാബാദ് ജില്ലയിലാണ്, ‘ലോജിക്കല്‍ ഡിസ്‌ക്രിപെന്‍സി’ (യുക്തിപരമായ പൊരുത്തക്കേട്) എന്ന പേരില്‍ ഏറ്റവും കൂടുതല്‍ പേരുകള്‍ ഒഴിവാക്കപ്പെട്ടത്.



