KeralaNews

പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്‍റെ മരണം; രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

എറണാകുളം പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്‍റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരത്തിൽ വ്യക്തമായിരുന്നു. കുട്ടിയുടെ തല ശക്തമായി ഇടിപ്പിച്ചുണ്ടായ മുറിവാണെന്നും കെട്ടിടത്തിൽ നിന്ന് വീണുണ്ടായ മുറിവല്ലെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം. കുട്ടിയെ രണ്ടാനച്ഛൻ മർദിച്ചിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

അസം സ്വദേശിയായ മൂന്ന് വയസുകാരൻ വിറ്റുപാന്‍റെ മരണം കൊലപാതകമെന്ന സംശയത്തിനിടെയാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നത്. കുഞ്ഞിന്‍റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണ്. കെട്ടിടത്തിൽ നിന്ന് താഴെ വീണ് ഉണ്ടായ പരിക്കല്ലെന്നും ശക്തിയായി ഭിത്തിയിൽ ഇടിപ്പിച്ചപ്പോൾ ഉണ്ടായ പരിക്കാണെന്നുമാണ് പ്രാഥമിക വിവരം. കുട്ടിയെ രണ്ടാനച്ഛൻ മർദിച്ചിരുന്നെന്ന് അമ്മയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടാനച്ഛൻ മൊഹേശ്വർ കുട്ടിയെ നിരന്തരം മർദിച്ചിരുന്നുവെന്ന് അയൽവാസികളും പറയുന്നു.

ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചതിന് പിന്നാലെയാണ് കുഞ്ഞിന്‍റെ മരണം സ്ഥിരീകരിച്ചത്. കുഞ്ഞ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതെന്നായിരുന്നു രണ്ടാനച്ഛൻ പൊലീസിനോട് പറഞ്ഞത്. മുഖത്തും ദേഹത്തും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ അമ്മയേയും സഹോദരിയേയും അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button