
ക്ലിഫ് ഹൗസ് നവീകരണത്തിനായി ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങൾ നടത്താൻ ഇറക്കിയ ഉത്തരവ് റദ്ദാക്കി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് നടപടി.
ഒക്ടോബര്‍ 30നാണ് പൊതുമരാമത്തില്‍ നിന്ന് അറ്റകുറ്റപ്പണികൾക്കായുള്ള ഉത്തരവ് ഉണ്ടാകുന്നത്. എന്നാൽ മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെയാണ് ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതെന്നും ഇത് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനുമാണ് പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്. ക്ലിഫ് ഹൗസില്‍ അനാവശ്യ മോടിപിടിപ്പിക്കലോ നിര്‍മാണപ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
2022 മുതല്‍ തയാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ് ഇറങ്ങിയതെന്നാണ് വകുപ്പില്‍ നിന്നുള്ള വിശദീകരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും അവശ്യം വേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇത് മറികടന്ന് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്.



