രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി ഗുജറാത്ത്
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ തിരിച്ചടിച്ച് ഗുജറാത്ത്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന ശക്തമായ നിലയിലാണ്. 59 റണ്‍സോടെ പ്രിയങ്ക് പഞ്ചാലും നാലു റണ്ണുമായി മനന്‍ ഹിംഗ്രാജിയയുമാണ് ക്രീസില്‍. 73 റണ്‍സെടുത്ത ഓപ്പണര്‍ ആര്യ ദേശായിയുടെ വിക്കറ്റ് മാത്രമാണ് ഗുജറാത്തിന് നഷ്ടമായത്. എന്‍ പി ബേസിലിനാണ് വിക്കറ്റ്. ഓപ്പണിംഗ് വിക്കറ്റില്‍ 131 റണ്‍സടിച്ചശേഷമാണ് ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്.
കേരളത്തിന്‍റെ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി ആക്രമിച്ചു കളിക്കാനാണ് തുടക്കം മുതല്‍ ഗുജറാത്ത് ശ്രമിച്ചത്. മിന്നും ഫോമിലുള്ള പേസര്‍ എം ഡി നിധീഷിനെ ആത്മവിശ്വാസത്തോടെ നേരിട്ട ഗുജറാത്ത് ഓപ്പണര്‍മാര്‍ ജലജ് സക്സേനക്കെതിരെയും ഫലപ്രദമായി നേരിട്ടതോടെ കേരളം ബാക്ക് ഫൂട്ടിലായി. മൂന്നാം ദിനം സ്പിന്നര്‍മാരെ തുണക്കുമെന്ന് പ്രതീക്ഷിച്ച പിച്ചില്‍ നിന്ന് കാര്യമായ ടേണൊന്നും ലഭിക്കാതിരുന്നതോടെ 15 ഓവര്‍ പന്തെറിഞ്ഞ ജലജ് സക്സേനക്കും ഒമ്പത് ഓവര്‍ പന്തെറിഞ്ഞ ആദിത്യ സര്‍വാതെക്കും വിക്കറ്റുകളൊന്നും നേടാനായില്ല.
ഓപ്പണിംഗ് വിക്കറ്റിലെ 131 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ആര്യ ദേശായിയെ ബൗള്‍ഡാക്കിയ എന്‍ പി ബേസിലാണ് ഒടുവില്‍ കേരളത്തിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. 118 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് ആര്യ ദേശായി 73 റണ്‍സടിച്ചത്.നേരത്തെ മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളത്തിന്‍റെ പോരാട്ടം ഒരു മണിക്കൂര്‍ മാത്രമാണ് ദീര്‍ഘിച്ചത്. 177 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 418-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ടീം ടോട്ടലിനോട് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദിത്യ സര്‍വാതെയുടെ(11) വിക്കറ്റ് നഷ്ടമായി. സര്‍വാതെയെ ഗുജറാത്ത് നായകന്‍ ചിന്തന്‍ ഗജ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ നിധീഷ്(5) റണ്ണൗട്ടായി. എൻപി ബേസിലിനെ(1) കൂടി പുറത്താക്കി ചിന്തന്‍ ഗജ കേരളത്തിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 187 ഓവര്‍ ബാറ്റ് ചെയ്താണ് കേരളം 457 റണ്‍സടിച്ചത്. 341 പന്ച് നേരിട്ട മുഹമ്മദ് അസറുദ്ദീന്‍ 20 ബൗണ്ടറികളും ഒരു സിക്സും പറത്തി 177 റണ്‍സുമായി പുറത്താകാതെ നിന്നു. ഗുജറാത്തിനായി അര്‍സാന്‍ നാഗ്വസ്വാല മൂന്നും ചിന്തന്‍ ഗജ രണ്ട് വിക്കറ്റും വീഴ്ത്തി.