News

പാർട്ടിയിൽ നേരിടുന്നത് അവഗണനയും ആക്രമണവുമെന്ന് ശശി തരൂർ;രാഹുൽ കാണാൻ തയ്യാറായത് അപകടം മണത്ത്

ദില്ലി: അനുനയ ചര്‍ച്ച നടന്നെങ്കിലും ശശി തരൂരിന്‍റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ദേശീയ തലത്തിലും സംസ്ഥാനത്തും പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയിലും ആക്രമണത്തിലും കടുത്ത നീരസമാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തരൂര്‍ അറിയിച്ചത്.  പാര്‍ട്ടി നയത്തില്‍ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും തരൂരിനെ ധരിപ്പിച്ചു.

അനുകൂലാന്തരീക്ഷത്തിലാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചതെങ്കിലും ശശി തരൂര്‍ അയഞ്ഞിട്ടില്ല. ലേഖനത്തിലും മോദി നയത്തിലും താന്‍ മുന്‍പോട്ട് വച്ച കാഴ്ചപ്പാടിനെ തെറ്റിദ്ധരിച്ച്  പ്രതിപക്ഷ നേതാവുള്‍പ്പടെയുള്ള നേതാക്കള്‍ വാളെടുത്തത് തരൂരിനെ വല്ലാത ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള കടുത്ത  അതൃപ്‌തി രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ശശി തരൂര്‍ പങ്കുവെച്ചിരുന്നു. വളഞ്ഞിട്ടാക്രമിച്ചാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നാണ് ശശി തരൂരിന്‍റെ ലൈന്‍. 

ശശി തരൂരിനെതിരെ  കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രാഹുല്‍ ഗാന്ധി ഇന്നലെ അദ്ദേഹവുമായി സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെയും , ലേഖനത്തിലെയും പാര്‍ട്ടി നയം രാഹുല്‍ ഗാന്ധി തരൂരിനോട് വിശദീകരിച്ചു. ചില വിഷയങ്ങളില്‍ എക്കാലവും വ്യക്തിപരമായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു തരൂരിന്‍റെ മറുപടി. ദേശീയ തലത്തിലും, സംസ്ഥാനത്തും നേരിടുന്ന അവഗണന തരൂര്‍ രാഹുലിന്‍റെ മുന്നില്‍ തുറന്ന് പറഞ്ഞു.  ഒതുക്കുന്നതിലെ നിരാശ തരൂര്‍ തന്‍റെ വിശ്വസ്തരുമായും പങ്ക് വച്ചിട്ടുണ്ട്. 

തരൂരിന്‍റെ നീക്കങ്ങളിലെ അപകടം മണത്താണ് അദ്ദേഹവുമായി സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായത്. സമീപകാലത്തൊന്നും മറ്റൊരു നേതാവുമായി ഇങ്ങനെയൊരു കൂടിക്കാഴ്‌ചയ്ക്ക് രാഹുല്‍ ഇരുന്നിട്ടില്ല. മറ്റാരും ചര്‍ച്ചയിലുണ്ടാകാന്‍ പാടില്ലെന്ന നിബന്ധന തരൂരിനുണ്ടായിരുന്നു. കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. അതേസമയം തരൂരിന്‍റെ നീക്കങ്ങളെ ബിജെപി നിരീക്ഷിക്കുന്നുണ്ട്. ബിജെപിയിലേക്ക് തരൂര്‍ പോകുമെന്ന്  ഹൈക്കാമന്‍ഡ് നേതാക്കള്‍ കരുതുന്നില്ല. എന്നാൽ ഇടതുപക്ഷവുമായി അദ്ദേഹം അടുക്കുന്നതിനെ ഏറെ സംശയത്തോടെയാണ് പലരും കാണുന്നത്.  തരൂര്‍ ചുവട് മാറുമോയെന്ന ചോദ്യം ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button