NationalNews

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി ചോദ്യംചെയ്ത് പ്രതിപക്ഷം സുപ്രിം കോടതിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി ചോദ്യം ചെയ്ത് പ്രതിപക്ഷം കോടതിയിലേക്ക്. നിയമന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഇന്ത്യ സഖ്യം ഒന്നടങ്കം ചോദ്യം ചെയ്യും. നിലവിൽ സുപ്രീം കോടതിയിൽ ഉള്ള പൊതുതാല്പര്യ ഹർജി അഞ്ചംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത തകർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഹർജി നൽകുക. അതേസമയം കോക്ക്റോച്ച് ജനതാ പാർട്ടിയെ കൂടി ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കുന്നതിനോട് ചില പാർട്ടികൾക്ക് എതിർപ്പുണ്ട്.

രാജി വയ്ക്കണം എന്ന ആവശ്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മൗനം തുടരുകയാണ്. അതിനിടെ ഗ്യാനേഷ് കുമാറിനെ കൂടുതൽ പ്രതിരോധിക്കാൻ ബിജെപി തീരുമാനിച്ചു. വാർത്താസമ്മേളനങ്ങളും പ്രചാരണ പരിപാടികളും വ്യാപകമാക്കും. ദേശീയ നേതാക്കൾ സംസ്ഥാനങ്ങളിലെത്തും. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും വാർത്താസമ്മേളനങ്ങൾ നടത്തും. കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പ് ഫലങ്ങൾ ഉയർത്തിക്കാട്ടി നിഷ്‌പക്ഷത അവകാശപ്പെടും. സംസ്ഥാനത്തെ കഴിഞ്ഞ തദ്ദേശ,ലോക്‌സഭ, നിയമ തെരഞ്ഞെടുപ്പ് ഫലങ്ങളും വയനാട്ടിലെ ഫലം പ്രത്യേകിച്ചും ഉയർത്തിക്കാട്ടാൻ ബിജെപി തീരുമാനിച്ചു.

വോട്ടുകൊള്ളക്കെതിരെ ഒറ്റക്കെട്ടായി സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുമ്പോൾ സഖ്യത്തിലെ ഭിന്നത ശക്തമായി ഉന്നയിക്കാൻ ബിജെപിയിൽ ധാരണയായി. പല പ്രമുഖ നേതാക്കളും സഖ്യം വിട്ടത് ചർച്ചയാക്കും. ഇന്നലത്തെ യോഗത്തിൽ അരവിന്ദ് കെജ്‍രിവാളിന്‍റെയും എം കെ സ്റ്റാലിന്‍റെയും അസാന്നിധ്യം ബിജെപി ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ നേതാവായി ആരും അംഗീകരിക്കുന്നില്ലെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു.കുടുംബാധിപത്യത്തിന് വേണ്ടിയാണ് ഇന്ത്യ സഖ്യത്തിൻ്റെ മാർച്ച് എന്നാണ് കേന്ദ്രമന്ത്രിമാരുടെ പരിഹാസം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button