
കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. വേണ്ടിവന്നാൽ ഹൈക്കോടതിയിൽ ആശങ്ക അറിയിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇനിയൊരു പരീക്ഷണത്തിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്ന പണികൾക്കായി പ്രസാദ നിർമ്മാണം നിർത്തിവച്ചതാണ് അരവണ ക്ഷാമത്തിന് കാരണമായത്.
സാധാരണയായി നട അടയ്ക്കുന്ന സമയങ്ങളിലാണ് പ്ളാന്റിൽ പണികൾ നടത്തുന്നത്. എന്നാൽ നട തുറന്ന സമയത്ത് തന്നെ ഇത്തരത്തിൽ പ്ലാന്റിൽ പണികൾ നടത്തുന്നത് ശരിയല്ല. അതിനാലാണ് അരവണ ക്ഷാമം വന്നത്. ഒരു കാര്യം ഞാൻ പറയാം. ഇങ്ങനെ പ്രസ്താവന ഇറക്കിയിട്ട് കാര്യമില്ല. സർക്കാരിന് അതിന്റെ ഉത്തരവാദിത്വം നിർവഹിച്ചേ മതിയാകൂ. വേണ്ടിവന്നാൽ ഹൈക്കോടതിയിൽ ഞാൻ ആശങ്ക അറിയിക്കും.ഒരു കാരണവശാലും ഇങ്ങനെ പരീക്ഷണത്തിന് നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല.
മണ്ഡലകാലത്തിന് മുൻപ് ദർശനത്തിന് വരുന്നവർക്ക് അരവണയും അപ്പവും വേണ്ടേ? ബോർഡ് പറയുന്നതിന് ഒരു അടിസ്ഥാനം വേണ്ടേ? നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് പ്രസാദം ലഭിക്കണം. അതിന്റെ സംവിധാനം ഒരുക്കേണ്ടത് ദേവസ്വം ബോർഡാണ്. നട അടയ്ക്കുമ്പോൾ പ്ലാന്റിൽ പണികൾ നടത്തിയാൽ പോരെ? അല്ലെങ്കിൽ ബദൽ സംവിധാനം കൊണ്ടുവരണം. ഇപ്പോൾ ഉണ്ടായ അരവണ ക്ഷാമം ഒരു സൂചനയാണ്. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇതിൽ ശക്തമായ നടപടിയെടുക്കും’- മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞദിവസം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെ ഫോണിൽ വിളിച്ച് ദേവസ്വം മന്ത്രി അതൃപ്തി അറിയിച്ചിരുന്നു. കരുതൽ ശേഖരം ഒരുക്കുന്നതിൽ ബോർഡിന് വീഴ്ചപറ്റിയെന്ന് വിമർശിച്ചു. മുൻ വർഷങ്ങളിൽ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യുമ്പോൾ അരവണ നിർമ്മാണം പൂർണമായി നിറുത്തിയിരുന്നില്ല.മുൻ വർഷങ്ങളിൽ 2.50 മുതൽ 2.80ലക്ഷം ടിൻ അരവണയാണ് കന്നി മാസത്തിൽ വിറ്റുപോയിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ 3.20 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി നിർമ്മിച്ചശേഷം പ്ളാന്റുകൾ നിറുത്തിവയ്ക്കുകയായിരുന്നു.
എന്നാൽ നടതുറന്ന് രണ്ട് ദിവസത്തിനുള്ളിൽ 80 ശതമാനത്തിലധികം അരവണയും തീർന്നു.മണ്ഡല മകരവിളക്ക് കാലത്ത് കഴിഞ്ഞ വർഷം മൂന്നു മുതൽ നാലു ലക്ഷം ടിൻ വരെ അരവണയാണ് വിറ്റിരുന്നത്. പ്രതിദിനം 2 മുതൽ 2.25 ലക്ഷം ടിൻ അരവണയാണ് ഉത്പാദിപ്പിച്ചിരുന്നത്. തീർത്ഥാടനം തുടങ്ങും മുമ്പു അരക്കോടി ടിൻ അരവണ കരുതൽ ശേഖരമായി നിർമ്മിച്ചിരുന്നതിനാലാണ് കഴിഞ്ഞ വർഷം ക്ഷാമം ഉണ്ടാകാതിരുന്നത്.



