
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നേരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് വീണ്ടും പറഞ്ഞ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് എട്ടിന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെട്ട് കേസെടുപ്പിക്കണമെന്നും ഖാർഗെയ്ക്ക് നീതിലഭിക്കണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ദളിത് വിഭാഗങ്ങൾ നേരിടുന്ന വലിയ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഖാർഗെയ്ക്കെതിരെയുണ്ടായ അധിക്ഷേപമെന്നും സ്കൂളുകളിൽ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ ജോലി ചെയ്യിക്കുന്നതും ചായക്കടയിൽ പേപ്പർകപ്പിൽ ചായ നൽകുന്നതും ഇന്നും വിവേചനം തുടരുന്നതിന്റെ ഉദാഹരണമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
ഖാർഗെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി വലിയ ക്രിമിനൽ കുറ്റമാണെന്നും ഇത്തരം വിഷയങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും രാഹുൽ വ്യക്തമാക്കി. ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നില്ല. ദളിത് അതിക്രമ നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണമെന്നും ഖാർഗെയ്ക്ക് പുറമെ ജിതൻ റാം മാഞ്ചി, രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ ഇവരെല്ലാം ഇത്തരം വേർതിരിവ് അനുഭവിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഖാർഗെയോട് താൻ നേരിട്ട് സംസാരിച്ച് പിന്തുണ നൽകിയിട്ടുണ്ടെന്നും കോൺഗ്രസിൽ നിന്ന് വിഷയത്തിൽ തനിക്ക് പിന്തുണ ലഭിച്ചില്ലെന്നത് വ്യക്തിപരമായ പിന്തുണയുടെ കാര്യമാണെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷനുപോലും ഇത്തരം അനുഭവമുണ്ടാകുമ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് രാഹുൽ ചോദിച്ചു. ഹൽദ്വാനിൽ ഓഗസ്റ്റ് എട്ടിന് കോൺഗ്രസ് റാലിയിൽ പങ്കെടുത്ത് ഖാർഗെ മടങ്ങിയതിന് പിന്നാലെ ചിലർ വേദി ശുദ്ധീകരിച്ച സംഭവമാണ് വിവാദമായത്. അതേസമയം വേദി ശുദ്ധീകരിച്ചത് ശ്രീരാംസേനയെന്ന സംഘടനയാണെന്നും അവരുമായി ബിജെപിക്ക് ബന്ധമില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.



