KeralaNews

വഖഫിൽ പിണറായിക്ക് പുകഴ്ത്തല്‍, സര്‍ക്കാരിന് വിമര്‍ശനം; സിപിഎം പരിപാടിയില്‍ ഉമര്‍ ഫൈസി മുക്കം

സര്‍ക്കാരിന് എതിരായ സിപിഎം സെമിനാറില്‍ പങ്കെടുത്ത് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ എന്ന വിഷയത്തിലെ സെമിനാറിലാണ് ഉമര്‍ ഫൈസി മുക്കം പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്.

വഖഫ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജിനെ പിന്തുണച്ചുകൊണ്ടാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചതെന്ന് ഉമര്‍ ഫൈസി പറഞ്ഞു. വേണമെങ്കില്‍ രണ്ട് ആര്‍എസ്എസുകാരെ തന്നെ വെക്കാം എന്ന നിലപാട് ആണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ‘സഖാവ് ഉമര്‍ ഫൈസിയും ഹംസയും ഉള്ള ബോര്‍ഡ് പറ്റില്ല’ എന്നതുകൊണ്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അത്തരം നിലപാട് എടുത്തത്. മതപരമായ നിലപാട് തകര്‍ന്നാലും കുഴപ്പമില്ല, ഉമര്‍ ഫൈസിയും ഹംസയും മാറിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. ആര്‍എസ്എസിന്റെയൊപ്പം നിന്ന് തരം താഴേണ്ട അവസ്ഥയുണ്ടായി. ഹംസയെയും തന്നെയും പുറത്താക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമമെന്നും ഉമര്‍ ഫൈസി മുക്കം ആരോപിച്ചു.

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉമര്‍ ഫൈസി മുക്കം പുകഴ്ത്തി. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്‌ലിംകളെ വെക്കണമെന്നാണ് നിയമം. എന്നാല്‍ പിണറായി വിജയന്‍ താന്‍ അത് ചെയ്യില്ലെന്ന ശക്തമായ നിലപാട് എടുത്തെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മുന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും എ.പി വിഭാഗം സമസ്ത നേതാവുമായ സി.മുഹമ്മദ് ഫൈസിയും ചടങ്ങില്‍ സംബന്ധിച്ചു. മുന്‍ മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കളും വേദിയില്‍ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button