KeralaNews

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥിന് റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമനം

ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു. 2025 ജനുവരിയില്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച സോമനാഥിനെ, സെന്‍ട്രല്‍ ബോര്‍ഡിലെ പാര്‍ട്ട് ടൈം, നോണ്‍-ഒഫീഷ്യല്‍ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ നാല് വര്‍ഷത്തേക്കാണ് നിയമനമെന്ന് ആര്‍ബിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ബഹിരാകാശ ഗവേഷണ രംഗത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സോമനാഥ്, ഇസ്രോയില്‍ നിന്ന് വിരമിച്ച ശേഷം ബെംഗളൂരുവിനടുത്തുള്ള ചാണക്യ സര്‍വകലാശാലയുടെ ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതോടൊപ്പം, വ്യവസായി ആനന്ദ് മഹീന്ദ്രയെ റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നോണ്‍-ഒഫീഷ്യല്‍ ഡയറക്ടറായി വീണ്ടും നിയമിച്ചു. നാല് വര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ കാലാവധി.

ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസിലെ റിട്ടയേഡ് ഉദ്യോഗസ്ഥ രേവതി അയ്യര്‍, ആര്‍ഐഎസ് തിങ്ക്ടാങ്ക് ഡയറക്ടര്‍ ജനറല്‍ സച്ചിന്‍ ചതുര്‍വേദി എന്നിവരെയും റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമിച്ചു. ഡെപ്യൂട്ടി സിഎജി പദവി വഹിച്ചിരുന്നയാളാണ് രേവതി അയ്യര്‍. ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര, ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ജെ സ്വാമിനാഥന്‍, പൂനം ഗുപ്ത, എസ്സി മുര്‍മു, രോഹിത് ജയിന്‍, സാമ്പത്തികകാര്യ സെക്രട്ടറി അനുരാധ ഠാക്കൂര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി സഞ്ജയ് ലോഹ്യ എന്നിവരും ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ ഭാഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button