KeralaNews

വടകര എംഡിഎംഎ കേസ്; പേരാമ്പ്ര ബിആർസിയിലെ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം മൂന്നായി

വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബി ആർസിയിലെ അധ്യാപികയായ നീഷ്മ ആണ് അറസ്റ്റിലായത്. ആവള കുട്ടോത്ത് സ്വദേശിയാണ് നീഷ്മ. കേസിൽ ഇതുവരെ 3 അധ്യാപികമാർ പിടിയിലായിട്ടുണ്ട്. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോ​ഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികള്‍ വലിയ നെറ്റ് വര്‍ക്കിന്‍റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു. ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്. മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാരാണ് ആദ്യം പിടിയിലായത്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരായ ഇവരെ പിരിച്ചുവിട്ടിരുന്നു.

മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തിൽ അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കെ. സി. കീര്‍ത്തന ഈമാസം 11ന് അറസ്റ്റിലായി. പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കരാര്‍ ജീവനക്കാരിയായ കീര്‍ത്തനയെ സര്‍വശിക്ഷ കേരള സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ പിരിച്ചുവിട്ടു.

അറസ്റ്റിലായ ബിആര്‍സിയിലെ സ്പെഷ്യൽ എജ്യുക്കേറ്റര്‍ കാവ്യയെ പുറത്താക്കി ഉത്തരവിറക്കുമെന്ന് അറിയിച്ചിരുന്നു. കീര്‍ത്തനയുടെ അക്കൗണ്ടിൽ നിന്നും ലഹരി സംഘാംഗങ്ങളുടെ അക്കൗണ്ടിൽ നിന്നും കാവ്യയുടെ അക്കൗണ്ടിൽ പണം എത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫ്‍വാനിൽ നിന്നാണ് ഓപ്പറേഷൻ തൂഫാനിലൂടെ നിര്‍ണായക വിവരം പൊലീസിന് കിട്ടുന്നത്. അധ്യാപക പിരശീലനവും ശിൽപ്പശാലയും സംഘടിപ്പിക്കുകയും വിദ്യാലയങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ട രണ്ട് അധ്യാപികമാരെയാണ് ലഹരിസംഘം ഇടനിലക്കാരാക്കിയത്. അധ്യാപികമാര്‍ക്ക് പണം അയച്ച് കൊടുത്തവരെയും എംഡിഎ കൈമാറുന്നയാളേയും കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button