
വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണത്തിൽ സംസ്ഥാന പൊലീസിനും പ്രത്യേക അന്വേഷണ സംഘത്തിനും ഒരേദിവസം കനത്ത തിരിച്ചടി. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടാനും അറസ്റ്റിലാകാനുമുള്ള സാധ്യത മുൻകൂട്ടി കണ്ട് കോടതിയെ സമീപിച്ച ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
നേരത്തെ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ ജാഥകളിൽ പങ്കെടുത്ത ജിതിൻ പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ചെന്നും, പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും കാട്ടിയാണ് പൊലീസ് കോടതിയെ സമീപിച്ചത്.
ഈ സംഭവങ്ങളിൽ ജിതിനെതിരെ പുതിയ കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, സ്വീകരണ ജാഥകളിൽ പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പൊലീസ് മനഃപൂർവ്വം കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നുമുള്ള പ്രതിഭാഗം വാദം അംഗീകരിച്ച കോടതി പൊലീസിന്റെ ഹർജി തള്ളുകയായിരുന്നു.



