NationalNews

ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ കേരള പൊലീസ് മേധാവിക്ക് നിർദേശം നൽകി.

ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ കഴിഞ്ഞ ജൂലൈ മൂന്നാം തീയതിയാണ് ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ടത്. മരണത്തിന് തൊട്ടുമുമ്പ് പെൺകുട്ടി കടുത്ത ശാരീരിക പീഡനത്തിന് ഇരയായെന്നും, നിർബന്ധിത മതപരിവർത്തനത്തിന് ശ്രമം നടന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടൽ. ഇത്തരം പരാതികളിൽ ദേശീയ വനിതാ കമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് സാവരിയയുടെ സുഹൃത്തായ സദറുൽ അന എന്നയാളെ ഉസ്‌ബെക്കിസ്ഥാൻ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവുമായും താഷ്‌കെന്റിലെ ഇന്ത്യൻ എംബസിയുമായും കൃത്യമായ ഏകോപനം ഉറപ്പാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേസിൽ വനിതാ കമ്മീഷന്റെ നിർണായക ഇടപെടൽ. കേസിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഒരാഴ്ചയ്ക്കകം കമ്മീഷന് മുൻപാകെ സമർപ്പിക്കേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button