KeralaNews

‘സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നു’; അമ്മയിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരന്‍

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച് മല്ലിക സുകുമാരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക തന്റെ രാജി വിവരം അറിയിച്ചത്. സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നുവെന്നും ശ്വേതയ്‌ക്കൊപ്പമാണ് താനെന്നും വ്യക്തമാക്കിയാണ് രാജി.

‘സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നു, AMMയില്‍ നിന്നും. സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്‌ക്കൊപ്പം’, മല്ലിക സുകുമാരന്റെ പോസ്റ്റില്‍ പറയുന്നു.

അമ്മയുടെ അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു. വൈകാരിക കുറിപ്പിലൂടെയായിരുന്നു രാജി. തനിക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു. ഇനി സാധാരണ മെമ്പര്‍ മാത്രമായി തുടരുമെന്ന് പറഞ്ഞാണ് ടിനി ടോം രംഗത്തെത്തിയത്.

ഇന്നലെയാണ് അമ്മ ഭരണസമിതി രാജിവെച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും രാജിവെച്ചത്. ഇതോടെ ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. രമേഷ് പിഷാരടിയാണ് കണ്‍വീനര്‍. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button