
ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന സംശയമാണ് നിലവിൽ ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ശബരിമലയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തി. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു.
പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് നെയ്യാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഭക്തർ സമർപ്പിക്കുന്ന നെയ്യ് വീണതാകാം ഈ നിറവ്യത്യാസത്തിന് കാരണമായതെന്നാണ് ഉദ്യോഗസ്ഥ സംഘം വിലയിരുത്തുന്നത്. എങ്കിലും സ്വർണ്ണപാളികൾക്ക് മുകളിൽ ദ്രാവകം വീണതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ അധികൃതർ നടപടികൾ സ്വീകരിച്ചു വരികയാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള സ്വർണ്ണ ശ്രീകോവിലിൽ ഇത്തരമൊരു വ്യത്യാസം കണ്ടത് അധികൃതർ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് പരിശോധന നടത്തി.ക്. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയായായിരുന്നു പരിശോധന. ഇതിന് പിന്നാലെയാണ് ശ്രീകോവിലിൽ നിറവ്യത്യാസം കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
സ്വര്‍ണപ്പാളിയിൽ പിഎസ് പ്രശാന്തിന് എസ്ഐടി നോട്ടീസ്
ശബരിമലയിലെ സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന് എസ്ഐടി നോട്ടീസ് അയച്ചു. പ്രശാന്തിനോടും ബോർഡ് അംഗമായിരുന്ന അജികുമാറിനോടും അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഹൈക്കോടതി അനുമതിയില്ലാതെ സ്വർണപാളികള്‍ സ്മാര്‍ട് ക്രിയേഷനിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് അന്വേഷണം. 2025ലെ ഇടപാടുകളും അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം. അതിനിടെയാണ് കൂടുതൽ സാമ്പിളുകള്‍ ശേഖരിക്കാൻ എസ്ഐടി ഇന്ന് ശബരിമലയിലെത്തിയത്. പ്രഭാമണ്ഡലത്തിൽ നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കായി അയക്കും.



