
സിഎംആര്‍എല്‍ മാസപ്പടി കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ഏജൻസി അന്വേഷണം, മൗലിക അവകാശങ്ങളുടെ ലംഘനമെന്നാണ് സിഎംആര്‍എലിന്റെ വാദം. ഇതിനിടെ, കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇഡി മേധാവി രാഹുൽ നവീൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്. രാഹുൽ നവീൻ വിളിച്ച നിർണായക യോഗം രാവിലെ 10ന് കൊച്ചിയിൽ നടക്കും. വീണ അടക്കമുള്ളവർക്കെതിരായ തുടർനീക്കം ഇന്ന് തീരുമാനിക്കും. വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിലും ചർച്ച നടക്കും.
കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയത്. കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി.എം.ആർ.എൽ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് സേവനങ്ങൾ നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് കേസിലെ പ്രധാന ആരോപണം. ഹൈക്കോടതി വിധിക്കും റെയ്ഡിനും പിന്നാലെ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർക്ക് ഇഡി വീണ്ടും സമൻസ് അയക്കാനൊരുങ്ങുന്നതിനിടെയാണ് അടിയന്തര ഇടപെടൽ തേടി കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.


