KeralaNews

സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കേരളതീരത്ത് മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

‌നാളെ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ കാലവർഷം എത്തുന്നതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കാനാണ് സാധ്യത. തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button