KeralaNews

നവകേരള യാത്രയിലെ മര്‍ദ്ദനം: ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍, തെളിവ് നശിപ്പിച്ചു; എസ്‌ഐടി റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴയിലെ നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍, ആരോപണ വിധേയരായ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ഉന്നത ഇടപെടലുണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. തെളിവുകള്‍ പോലും നശിപ്പിച്ചു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ സഞ്ചരിച്ച നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാദം കളവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് അട്ടിമറിക്കാന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പിണറായിയുടെ ഗണ്‍മാനെ അടക്കം രക്ഷിച്ചെടുക്കാന്‍ ഉന്നത ഇടപെടലുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള മര്‍ദ്ദനമാണ് നടന്നത്. സെഡ് പ്ലസ് സുരക്ഷാ കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ജീവനു വരെ ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇടപെടല്‍ നടത്തിയതെന്നാണ്, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേര്‍ക്ക് കല്ലേറോ, ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നു ബസിന്റെ ഡ്രൈവറായിരുന്ന അഭിലാഷ് മൊഴി നല്‍കിയിട്ടുണ്ട്. ബസിനു കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നു കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറും മൊഴി നല്‍കിയതായി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുൻമുഖ്യമന്ത്രിയുടെ ഗൺമാനും അകമ്പടിസേനയും പ്രയോഗിച്ചതു ലാത്തിയെക്കാൾ നീളമുള്ള ചൂരൽവടിയായിരുന്നു. പ്രതിഷേധക്കാരുടെ കഴുത്തിലും തലയ്ക്കും അടിച്ചിട്ടുണ്ട്. ഈ വടി ഉപയോഗിച്ച് ശക്തമായി തലയ്ക്കൊരു അടി അടിച്ചാൽ മരണത്തിനു കാരണമാകാം എന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിലാണു കേസിൽ നരഹത്യാശ്രമം (ഐപിസി 308) ചുമത്തിയതെന്ന് എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്.

ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ ബസിനു സമീപം പ്രതിഷേധിച്ചതിനാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാസംഘവും തല്ലിച്ചതച്ചത്. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന നവകേരള സദസ്സിനു പ്രത്യേകം രൂപകൽപന ചെയ്ത ബസിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button