KeralaNews

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി. ക്ഷേത്രത്തിലെ കാണിക്കയായി ലഭിച്ച ഏകദേശം 78 ഗ്രാം സ്വര്‍ണക്കട്ടികളും നാണയങ്ങളുമാണ് കാണാതായത്. സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയെങ്കിലും അത് പിന്നീട് കാണാതായെന്നാണ് സംസ്ഥാന പൊലീസ് മേധാവി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്. സ്വര്‍ണവിളക്കിന് പകരം വെള്ളി വിളക്ക് സ്ഥാപിച്ചെന്നും ‘വൈര നമ’ എന്ന ആഭരണം ആറ് മാസമായി കാണാനില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ക്ഷേത്രത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നും കത്തില്‍ പറയുന്നുണ്ട്. കത്തിന്റെ പകര്‍പ്പും പുറത്തു വന്നിട്ടുണ്ട്.

ശ്രീകോവിലുള്ളിനില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ കുറച്ചു നാളുകളായി കാണാനില്ല. ആറുമാസം മുമ്പ് അറ്റകുറ്റപ്പണിക്കായി കൊണ്ടു പോയി എന്നാണ് രേഖകളില്‍ പറയുന്നത്. വിശ്വാസികള്‍ സംഭാവന നല്‍കിയ 78 ഗ്രാം സ്വര്‍ണത്തിലും കുറവുണ്ട്. ക്ഷേത്രത്തിലെ നിലവറയ്ക്ക് പുറത്തുള്ള മുഴുവന്‍ സ്വര്‍ണവും വെള്ളിയും എത്രയും വേഗം സ്‌ട്രോങ് റൂമിലേയ്ക്ക് മാറ്റണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. വിശ്വാസികള്‍ സംഭാവനയായി നല്‍കുന്ന മുഴുവന്‍ വസ്തുക്കളും ലോക്കറിലേയ്ക്ക് മാറ്റി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണം. ഒരാളെ പോലും സൂക്ഷ്മ പരിശോധന കൂടാതെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.

ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുപ്പമുള്ളവരും മറ്റൊരു പ്രവേശന കവാടത്തിലൂടെ സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കി ക്ഷേത്രത്തിലേയ്ക്ക് കടക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദിത്യവര്‍മയുമായി ബന്ധമുള്ള ചില വ്യക്തികള്‍ സുരക്ഷാ ക്രമീകരണം മറികടന്ന് ക്ഷേത്രത്തില്‍ കയറുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button