
എബോള വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് യാത്രാ വിലക്കുമായി യുഎസ് ഭരണകൂടം. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദ കോംഗോ, സൗത്ത് സുഡാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളിലേക്ക് പൗരന്മാർ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നിർദേശം പുറപ്പെടുവിച്ചു. മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് ലെവൽ 4 ജാഗ്രതാ നിർദേശമാണ് യുഎസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനു പുറമേ, റുവാണ്ടയിലേക്ക് ആലോചിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്ന് ചൂണ്ടിക്കാട്ടി ലെവൽ 3 ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.
സൗത്ത് സുഡാനിലേക്കുള്ള യാത്രക്കാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം ഇങ്ങനെ: “സൗത്ത് സുഡാനിലെ മെഡിക്കൽ സേവനങ്ങൾ വളരെ പരിമിതമാണ്. കൃത്യമായ മെഡിക്കൽ ചികിത്സയും പതിവ് പരിശോധനകൾക്കും അടിയന്തര ശസ്ത്രക്രിയകൾക്കുമുള്ള സൗകര്യങ്ങളും പലപ്പോഴും ലഭ്യമാകില്ല. നിസ്സാരമായ ആരോഗ്യപ്രശ്നങ്ങൾക്ക് പോലും മെഡിക്കൽ ഇവാക്യുവേഷൻ ആവശ്യമായി വന്നേക്കാം. മെഡിക്കൽ ഇവാക്യുവേഷൻ ഉൾപ്പെടെയുള്ള എല്ലാ ചികിത്സാ ചെലവുകളും നിങ്ങൾ തന്നെ വഹിക്കണം. അധിക മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ലഭിച്ച ചികിത്സകളുടെയും അതിനായി പണമടച്ചതിന്റെയും എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കണം”.
അതേസമയം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും പടരുന്ന എബോള രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ ആണ് രോഗം വ്യാപനം സ്ഥിരീകരിച്ചത്. ഇവിടെ 131 പേർ മരണപ്പെട്ടു. 513 പേർക്ക് രോഗം സംശയിക്കുന്നുണ്ട്. ഇതുവരെ മരുന്നുകളോ വാക്സിനോ കണ്ടെത്തിയിട്ടില്ലാത്ത എബോളയുടെ അപൂർവ വകഭേദമായ ബുണ്ടിബുഗ്യോ ആണ് രോഗവ്യാപനത്തിന് കാരണം.



