
ഡോ. വന്ദനദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതി കേസിൽ മറ്റന്നാൾ ശിക്ഷ വിധിക്കും. 2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് പ്രതിയായ സന്ദീപ് യുവ ഡോക്ടർ വന്ദനദാസിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസാണ് കേസ് അന്വേഷിച്ചത്. കേരളം മുഴുവൻ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു ഡോ. വന്ദന ദാസിന്റെ ക്രൂര കൊലപാതകം. പുലർച്ചെയായിരുന്നു ആ ദാരുണ സംഭവം. വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്രസിങ് റൂമിൽ മുറിവ് കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി അക്രമാസക്തനായ പ്രതി മുന്നിൽ കണ്ട സർജിക്കൽ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെയുണ്ടായിരുന്നയാളെയും ആക്രമിച്ചു. ഭീതിയിൽ എല്ലാവരും ഓടി മാറി.
പക്ഷെ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിന് അവിടെ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഡ്രസിങ് റൂമിൽ നിന്നും പുറത്തേക്ക് ഓടാൻ ശ്രമിച്ച വന്ദനയെ പ്രതി തടഞ്ഞു. നെഞ്ചിലും കഴുത്തിലും മുതുകിലുമായി പതിനാറോളം തവണ കുത്തി പരിക്കേൽപ്പിച്ചു. ജീവനുവേണ്ടി പോരാടിയ യുവ ഡോക്ടർ ഒടുവിൽ മരണത്തിന് കീഴടങ്ങി.

