
സിനിമാ പ്രവർത്തകരുടെ ജോലി സമയം 16 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറച്ചു. വിവിധ സിനിമാ സംഘടനാ പ്രതിനിധികളുമായി നിർമാതാക്കളുടെ സംഘടന നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ തുടരുന്ന സമ്പ്രദായത്തിനാണ് മാറ്റം വരുന്നത്. ഇനി മുതൽ കോൾഷീറ്റിൽ തന്നെ 12 മണിക്കൂർ ജോലി എന്ന് രേഖപ്പെടുത്തും.
ഫെഫ്ക ഉൾപ്പെടെയുള്ള സംഘടനകൾ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജോലിസമയം കുറച്ചതിന്റെ പേരിൽ വേതനത്തിൽ കുറവ് വരുത്തില്ലെന്ന് നിർമാതാക്കളുടെ സംഘടന ഉറപ്പ് നൽകി. കോൾഷീറ്റ് അനുസരിച്ച് നിലവിൽ 16 മണിക്കൂർ ആണ് ഒരു ദിവസത്തെ ജോലി സമയം.
നടീനടൻമാർക്കും സാങ്കേതിക പ്രവർത്തകർക്കുമെല്ലാം ഇത് ബാധകമായിരുന്നു. ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണൻ, നിർമാതാക്കളുടെ സംഘടനയുടെ ഭാരവാഹികളായ ബി രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.



