KeralaNews

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കുക. വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നൽകുന്ന സൂചന. ക്ഷേമ പെൻഷൻ അടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം മാത്രമാണ് തടസമെന്നാണ് ധനവകുപ്പ് പറയുന്നത്.

സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം അടക്കം ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

അഞ്ച് വർഷത്തിനിടെ ഉണ്ടായത് ആശാവഹമായ മാറ്റമാണെന്നും കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവുണ്ടായെന്നുമാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്നലെ പ്രതികരിച്ചത്. സർക്കാർ ജീവനക്കാരോട് ബജറ്റ് നീതികേട് കാണിക്കില്ല. ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും ധനമന്ത്രി പ്രതികരിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ വരുമാനവും ചെലവും കടവും കൂടിയെന്നാണ് 2024-25 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നത്. ആഭ്യന്തര ഉത്പാദനത്തിന്‍റെ വളര്‍ച്ച മുന്‍ വര്‍ഷത്തെ 6.73 ശതമാനത്തിൽ നിന്ന് 6.19 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാൻ ക്രീയാത്മകവും ദീര്‍ഘ വീഷണമുള്ളതുമായി ധനകാര്യ തന്ത്രങ്ങളും കേന്ദ്രവുമായുള്ള സഹകരണവും ആവശ്യമെന്നാണ് ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button