
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിലെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. ദ്വാരപാലക കേസിലെ ജാമ്യാപേക്ഷ തന്ത്രി ഇന്ന് സമർപ്പിക്കും.
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമാണ് എസ്ഐടി കണ്ടെത്തൽ. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും അചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ് തന്ത്രിയുടെ വാദം. റിമാൻഡിൽ ഉള്ള മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ സ്വഭാവിക ജാമ്യത്തിന് വേണ്ടി നാളെ കോടതിയിൽ ജാമ്യ ഹരജി ഫയൽ ചെയ്യും. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു സ്വാഭാവിക ജാമ്യം നേടി പുറത്ത് ഇറങ്ങിയിരുന്നു. ദ്വാരപാലക കേസിൽ ഉണ്ണി കൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തി. ഗുരുതര വിഷയമാണെന്നും പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്നും കോടതി. പ്രതികൾ എല്ലാവരും അറസ്റ്റിലായി ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി. കേസിൽ പ്രതി ചേർത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ കേസിൻ്റെ വാദത്തിനിടെയാണ് സിംഗിൾ ബെഞ്ചിൻ്റെ വിമർശനം



