KeralaNews

വെനസ്വേലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം: ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് ഇന്ത്യ

വെനസ്വേലയിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ അറിയിക്കുന്നു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കി, സംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രമിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വെനസ്വേലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആശങ്കാജനകമാണ്. കാരക്കാസിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, സാധ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരും. വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വെനസ്വേലയിലുള്ള ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം. കാരക്കാസിലെ ഇന്ത്യന്‍ എംബസിയുടെ ഇമെയില്‍ ഐഡി: cons.caracas@mea.gov.in അല്ലെങ്കില്‍ അടിയന്തര ഫോണ്‍ നമ്പര്‍ +58-412-9584288 (വാട്ട്സ്ആപ്പ് കോളുകള്‍ക്കും) വഴി ബന്ധപ്പെടാവുന്നതാണ് എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അമേരിക്ക പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബ്രൂക്‌ലിനിലെ തടവറയിലെത്തിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രധാന വ്യക്തികളെ പാർപ്പിക്കുന്ന തടവറയാണിത്. കൈവിലങ്ങ് വച്ച മഡുറോയുമായി ഉദ്യോഗസ്ഥർ പോകുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ് മഡുറയേയും ഭാര്യയേയും തടവിൽ പാർപ്പിക്കുക എന്നാണ് റിപ്പോർട്ട്. പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കാൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് വെനസ്വേല സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button