
അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ചു. പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡറുകൾ പതിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ താഴേക്ക് വീഴുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
പിക്കപ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു. വാഹനത്തിന്റെ കാബിൻ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഗർഡർ പതിച്ച് വാഹനത്തിന്റെ കാബിൻ പൂർണമായി അമർന്ന നിലയിലായിരുന്നു.
അപകടത്തിൽ വാഹനം പൂർണമായി തകർന്നു. പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. ഡ്രൈവർ കാബിന്റെ ഭാഗത്തേക്കാണ് ഗർഡറുകൾ പതിച്ചത്. സ്റ്റിയറിങ്ങിനോട് ചേർന്ന് പതിഞ്ഞ നിലയിലായിരുന്നു രാജേഷിന്റെ മൃതദേഹം. മുട്ടക്കയറ്റി വന്നതായിരുന്നു രാജേഷ്. ഇതിനിടെയാണ് ഉയരപ്പാത നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ പിക്കപ് വാനിന് മുകളിലേക്ക് പതിച്ചത്.
ജാക്കി തെന്നി മാറിയതാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. അപകടത്തെ തുടർന്ന് ആലപ്പുഴ – എറണാകുളം റൂട്ടിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചേർത്തല എക്സറേ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴി തിരിച്ച് വിടും.


