Uncategorized

തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 8 മുതൽ 12 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പിഎസ് സി പരീക്ഷകൾ മാറ്റി. ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 2026 ഫെബ്രുവരിയിലേക്കാണ് മാറ്റിയത്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നാണ് പ്രഖ്യാപിച്ചത്.

രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്.
അതേസമയം സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അതൊഴികെയുള്ള സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തിലെ 2267 വാര്‍ഡുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകളിലേക്കും 86 മുന്‍സിപ്പാലിറ്റികളിലെ 3205 വാര്‍ഡുകളിലേക്കും 6 കോര്‍പറേഷനുകളിലെ 421 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്താകെ 2,84,30,761 വോട്ടര്‍മാരാണുള്ളത്. ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നവംബര്‍ നാല് അഞ്ച് തീയതികളില്‍ വീണ്ടും അവസരം നല്‍കിയിരുന്നു. സപ്ലിമെന്ററി ലിസ്റ്റ് 14ന് പ്രസിദ്ധീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button