KeralaNews

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട സംഭവം; പ്രതികരണവുമായി വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്ത സംഭവത്തില്‍ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു. വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു എന്നും മന്ത്രി വ്യക്തമാക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ച് മണിക്കൂറുകള്‍ക്കകമാണ് ശിവന്‍കുട്ടിയുടെ മലക്കം മറിച്ചില്‍.

ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പാലിക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതാണ്. പൊതുസമൂഹത്തില്‍, പ്രത്യേകിച്ചും കുട്ടികള്‍ക്ക് മാതൃകയാകേണ്ട വേദികളില്‍, ആരോപണ വിധേയരായ വ്യക്തികള്‍ സ്വയമേവ വിട്ടുനില്‍ക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ നിലവില്‍ അന്വേഷണത്തിലാണ്. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ എന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍ ഭാവിയില്‍ വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാര്‍മിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിര്‍ദേശം നല്‍കും. പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button