NationalNews

കരൂരിൽ സംഭവിച്ചത് എന്താണെന്ന് മനസിലായിട്ടില്ല: മരിച്ചവരുടെ കുടുംബാംഗങ്ങളോട്മാപ്പു ചോദിച്ച് വിജയ്

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ആണ് മാപ്പ് ചോദിച്ചത്. കാലിൽ തൊട്ട് വിജയ് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകൾ പറഞ്ഞു. കരൂരിൽ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ചയിൽ പറഞ്ഞു. കരൂരിലെ വീട്ടിലേക്ക് എത്താത്തതിലും ക്ഷമ ചോദിച്ചു. കരൂരിൽ വെച്ച് കുടുംബാംഗങ്ങളെ കാണാത്തതിൽ വിജയ് വിശദീകരണം നൽകി. മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. എല്ലാവരോടും വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിൽ എത്തിച്ചതെന്ന് വിജയ് പൊലീസിന് മറുപടി നൽകുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് 6:30 വരെ വിജയ് കരൂർ കുടുംബങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.

ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. 37 കുടുംബങ്ങളാണ് മഹാബലിപുരത്തേക്ക് എത്തിയിരുന്നത്. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്. എല്ലാ കുടുംബങ്ങൾക്കും തമിഴക വെട്രി കഴകം സാമ്പത്തിക സഹായവും കുട്ടികളുടെ വിദ്യാഭ്യാസ സഹായവും ഉറപ്പുനൽകിയിട്ടുണ്ട്. ദുരിതത്തിലായ കുടുംബങ്ങൾക്ക് നേരിട്ട് അനുശോചനം അറിയിക്കുന്നതിനും പിന്തുണ വാഗ്ദാനം ചെയ്യുന്നതിനുമായാണ് ടി.വി.കെ. വിജയുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചത്. മുറികളിൽ നേരിട്ടെത്തിയാണ് ഓരോ കുടുംബത്തെയും വിജയ് കണ്ടത്.

എല്ലാവർക്കും വിജയ് സാമ്പത്തിക സഹായം ഉറപ്പുനൽകിയതായാണ് വിവരം. കരൂരിൽ നിന്ന് 37 കുടുംബങ്ങളെയാണ് മഹാബലിപുരത്തേക്ക് കൊണ്ടുവന്നത്. പാർട്ടി ബുക്ക് ചെയ്ത 50 ഓളം മുറികളുള്ള റിസോർട്ടിൽ വെച്ച് വിജയ് ഓരോ കുടുംബാംഗങ്ങളെയും വ്യക്തിഗതമായി കണ്ടു. ദുരിതമനുഭവിക്കുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്ന് വിജയ് ഉറപ്പുനൽകി. കഴിഞ്ഞ മാസം ടിവികെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനായി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button