
കുംഭകോണത്തില്‍ അടിപതറി ബിജെപി സംസ്ഥാന നേതൃത്വം. വാര്‍ത്താസമ്മേളനത്തില്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ കൃത്യമായ മറുപടി പറയാനാകാതെ വലഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോടികളുടെ അഴിമതി ആരോപണത്തില്‍ മറുപടി പറയാന്‍ കഴിയാതെ ആയതോടെ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളെ അധിക്ഷേപിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.
അധ്യക്ഷനെ രക്ഷിക്കാനിറങ്ങിയ ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ് മാധ്യമങ്ങളോട് കയര്‍ക്കുകയും ചെയ്തു. ഒടുവില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മോശം ആംഗ്യം കാണിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ ഇറങ്ങിപ്പോയത്.
അതേസമയം എത്ര ഭീഷണിപ്പെടുത്തിയാലും പരാതിയുമായി മുന്നോട്ട് പോകുമെന്ന് അഡ്വ. ജഗദേഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. 6 കോടിക്ക് നല്‍കിയ ഭൂമി 500 കോടി രൂപക്കാണ് രാജീവ് ചന്ദ്രശേഖര്‍ മറിച്ചു വിറ്റത്. ഇതുമായി ബന്ധപ്പെട്ട ലോകായുക്ത അന്വേഷണം എങ്ങുമെത്താതെ നിലയിലാണെന്നാണ് പുറത്തു വരുന്ന റിപോര്‍ട്ട്. 2014 നവംബര്‍ 29 മുതല്‍ വിഷയം ലോകായുക്തക്ക് മുന്നില്‍ എത്തി. ഫയല്‍ അന്തിമ പരിശോധനയ്ക്ക് അവസാനമായി ലോകായുക്തയ്ക്ക് മുന്നിലെത്തിയതാവട്ടെ 2024 ജൂലൈ 16നുമാണ്. ആകെ 21 തവണ ഫയല്‍ ലോകായുക്തക്ക് മുന്നിലെത്തിയതായാണ് റിപോര്‍ട്ട്. എന്നിട്ടും ഇതുവരെ ലോകായുക്ത അന്തിമ തീരുമാനം എടുത്തില്ല.



