
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യസംസ്കരണ യൂണിറ്റിനെതിരായ സമരത്തിൽ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞ് കയറിയെന്ന് സമരസമിതി ചെയർമാൻ ബാബു കുടിക്കിൽ. എസ്ഡിപിഐയാണ് അക്രമം നടത്തിയതെന്ന് വിശ്വസിക്കുന്നില്ല. ഫാക്ടറി നശിപ്പിച്ചത് സമരക്കാർ അല്ലെന്നും ഫ്രഷ്കട്ട് മുതലാളിമാരുടെ ഗുണ്ടകളായിരിക്കാം തീയിട്ടതെന്നും ബാബു കുടിക്കിൽ പറഞ്ഞു.
ഒരിക്കലും അക്രമാസക്തമാകേണ്ട സമരമായിരുന്നില്ല കട്ടിപ്പാറയിലേത്. കുട്ടികളും അമ്മമാരും വൃദ്ധന്മാരുമടക്കമുള്ളവർ സമരത്തിലുണ്ടായിരുന്നു. ജനാധിപത്യ രീതിയിലായിരുന്നു സമരം നടത്തിയിരുന്നത്, ആരൊക്കെയോ മനഃപൂർവ്വം പ്രശ്നം സൃഷ്ടിക്കാനായി നുഴഞ്ഞുകയറിയിട്ടുണ്ട്. ഫ്രഷ്കട്ടിന് ശത്രുകൾ ഒരുപാട് പേർ പുറത്ത് ഉണ്ട്. മറ്റൊരു പ്ലാൻ്റ് വരാതിരിക്കാൻ ശ്രമിക്കുന്നവരാണ് ഫ്രഷ്കട്ട് മാനേജ്മെൻ്റ് എന്നും ബാബു കുടിക്കിൽ വ്യക്തമാക്കി.
എന്നാൽ ഫ്രഷ്കട്ട് സമരസമിതി എസ്ഡിപിഐയുടെ പ്രാദേശിക ഘടകമെന്ന് സിപിഐഎം ജില്ല സെക്രട്ടറി എം മെഹബൂബ് ആരോപിച്ചു. സമഗ്ര അന്വേഷണത്തിലൂടെ ഇത് വ്യക്തമാക്കണം. ഇത്ര നാളിലാത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.സമരസമിതിയുടെ തീരുമാന പ്രകാരമല്ല പ്രതിഷേധം നടന്നത്.
ക്രിമിനൽ സ്വഭാവത്തിലുള്ള അക്രമം എങ്ങനെ നടന്നു എന്നതിൽ സമഗ്ര അന്വേഷണം നടത്തണമെന്നും എം മെഹബൂബ് പറഞ്ഞു.