
അറബിക്കടലിലെ തീവ്ര ന്യൂനമർദവും, ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദവും കാരണം കേരളത്തിൽ ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു.
വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നതിനിടെ, അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കു സമീപം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനുള്ള സാധ്യതയുണ്ട്. തുടർന്നുള്ള 12 മണിക്കൂറിനുള്ളിൽ, ഇത് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലൂടെ നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.