
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക. ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സജീവ ചര്‍ച്ചയ്ക്ക് വിഷയമായ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ സ്വര്‍ണപ്പാളി ഇന്ന് ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികളാണ് പുനസ്ഥാപിക്കുന്നത്. നാലുമണിയോടെയാണ് ചടങ്ങുകള്‍ നടക്കുക. ഹൈക്കോടതി അനുമതിയോടെയാണ് നടപടി.
ശബരിമല, മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും. മേല്‍ശാന്തി നറുക്കെടുപ്പും സന്നിധാനത്ത് നടക്കും. 14 പേരാണ് ശബരിമല മേല്‍ശാന്തിയുടെ സാധ്യത പട്ടികയില്‍ ഉള്ളത്. 13 പേരില്‍ നിന്നാണ് മാളികപ്പുറം മേല്‍ശാന്തിയെ തിരഞ്ഞെടുക്കുക. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 22 ശബരിമല ദര്‍ശനം നടത്തും. സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും സന്നിധാനത്ത് പുരോഗമിക്കുകയാണ്. 22ന് തീര്‍ത്ഥാടകര്‍ക്കും നിയന്ത്രണമുണ്ട്. ബുധനാഴ്ച പകല്‍ 11ന് ഹെലികോപ്റ്റര്‍ മാര്‍ഗം നിലക്കലിലെത്തുന്ന രാഷ്ട്രപതി അവിടെനിന്ന് കാറില്‍ പന്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ച് ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ വാഹനത്തില്‍ സന്നിധാനത്തേക്ക് തിരിക്കും.


