
കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക അതൃപ്തിയാണ് കോൺഗ്രസിനകത്ത് പ്രവർത്തകരിൽ നിന്ന് ഉയരുന്നത്. ഇപ്പോഴിതാ പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച അഖിലേന്ത്യാ നേതാക്കളടക്കം പരസ്യമായി രംഗത്തെത്തുന്ന കാഴ്ചയാണ് കാണുന്നത്. ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ തന്റെ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് എ ഐ സി സി വക്താവ് ഷമ മുഹമ്മദ്. കഴിവ് ഒരു മാനദണ്ഡമാണോ എന്ന് ഷമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ കുറച്ച് കാലങ്ങളിലായി ഷമ കണ്ണൂർ ഡി സി സിയുടെ പരിപാടികളിലും സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. മാത്രമല്ല പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് ഷമ നേരത്തെ തന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരങ്ങൾ. എന്നാൽ പുനഃസംഘടനയുടെ ലിസ്റ്റ് വന്നപ്പോൾ ഇടം ലഭിക്കാത്തതാണ് ഷമയെ ചൊടിപ്പിച്ചത്. ഇതിനെത്തുടർന്നാണ് പരസ്യ പ്രതികരണവുമായി നേതാവ് രംഗത്തെത്തിയത്.
അതേസമയം പുനഃസംഘടന ജംബോ പട്ടികയിൽ പരക്കെ അമർഷം ഉയരുകയാണ്. ഭാരവാഹികളിൽ ഭൂരിപക്ഷം പേരും കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവരെന്നും മഹിളാ കോൺഗ്രസിന് പരിഗണന നൽകിയപ്പോൾ യൂത്ത് കോൺഗ്രസിെനെ അവഗണിച്ചു എന്നടക്കമുള്ള ആക്ഷേപങ്ങളാണ് ഉയരുന്നത്.