KeralaNews

‘ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പി എന്നത് തെറ്റായ പ്രചരണം’; ആറന്മുള വള്ളസദ്യ വിവാദത്തില്‍ സിപിഎം

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാര ലംഘനം നടന്നെന്ന വിവാദത്തില്‍ വിശദീകരണവുമായി സിപിഎം. ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണ്. ചില സംഘപരിവാര്‍ മാധ്യമങ്ങളാണ് ഇതു പ്രചരിപ്പിച്ചത്. അത് ഏറ്റെടുത്ത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലരുടെ ശ്രമമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

മുഖ്യാതിഥിയായ ദേവസ്വം മന്ത്രിയടക്കം വിശിഷ്ടാതിഥികള്‍ രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ എത്തി. 11.5 ന് അവിടെ വിഭവങ്ങള്‍ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു. ശ്രീകോവിലിനുള്ളില്‍ മേല്‍ശാന്തി ഭഗവാന് സദ്യ നേദിക്കല്‍ ചടങ്ങ് 11.20ന് പൂര്‍ത്തിയായി. തുടര്‍ന്ന് പള്ളിയോടങ്ങള്‍ തുഴഞ്ഞെത്തിയ കരക്കാരെ ആചാരപരമായി വരവേറ്റു. ഇതിനുശേഷം 11.45 നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാനിരുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ വിശ്വസിക്കില്ല എന്ന് മാത്രമല്ല, പൊറുക്കില്ലെന്നും ഓര്‍ക്കുന്നത് നല്ലതെന്ന് സിപിഎം വ്യക്തമാക്കുന്നു.

ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം നടന്നെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രി കത്ത് നല്‍കിയിരുന്നു. പരിഹാരക്രിയ ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. മന്ത്രി പി പ്രസാദിനും വി എന്‍ വാസവനുമാണ് ദേവന് നേദിക്കുന്നതിന് മുന്‍പ് വള്ളസദ്യ നല്‍കിയതെന്നാണ് ആക്ഷേപം. അഷ്ടമി രോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ ദേവന് മുന്നില്‍ ഉരുളിവെച്ച് എണ്ണപ്പണം സമര്‍പ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. രഹസ്യമായി അല്ലാതെ പരസ്യമായി ഇതു ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button