
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. മണ്ണും പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് പതിച്ചതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. താമരശ്ശേരി ചുരം ഒന്‍പതാം വളവ് വ്യൂ പോയന്റിന് സമീപമാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. സംഭവസമയം അതുവഴി കടന്ന് പോയ വാഹനങ്ങളില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു. നിലവില്‍ താമരശ്ശേരി ചുരത്തില്‍ വലിയ ബ്ലോക്കാണ് അനുഭവപ്പെടുന്നത്.
വയനാട്ടിലേക്കും വയനാട്ടില്‍ നിന്നും പോകുന്നവരും ഇന്ന് ചുരം വഴി യാത്ര ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിഞ്ഞു പോകണമെന്നും പൊലീസ് അറിയിച്ചു.