
തിരുവനന്തപുരം വിതുരയിൽ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതോടെ രോഗി മരിക്കാനിടയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസുകാരായ പത്ത് പേരെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം ലാൽ റോഷി ഉൾപ്പടെയുള്ളവരാണ് പ്രതികൾ. രോഗിയെ കയറ്റാൻ വന്ന ആബുലൻസ് പ്രതികൾ തടഞ്ഞെന്നാണ് കേസ്. മെഡിക്കൽ ഓഫീസറുടെയടക്കം ഡ്യൂട്ടി പ്രതിഷേധക്കാർ തടസപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.
കല്ലംകുടി സ്വദേശിയായ ബിനുവിനെ ആസിഡ് അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ ഇന്നലെ ഉച്ചയോടെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. അത്യാസന്ന നിലയിലായിരുന്ന ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് സമരക്കാർ ആംബുലൻസ് തടഞ്ഞത്. വിതുര ആംബുലൻസിൻ്റെ മോശം അവസ്ഥയെ ചൊല്ലിയായിരുന്നു യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സമരം. ആശുപത്രി ജീവനക്കാർ കേണപേക്ഷിച്ചിട്ടും ലാൽ റോഷിയുടെ അടക്കം നേതൃത്വത്തിൽ ആംബുലൻസിലേക്ക് രോഗിയെ കയറ്റാനുള്ള സ്ട്രചറടക്കം തടയുകയായിരുന്നു.
സംഭവത്തിൽ വിതുര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഇൻ ചാർജായ ഡോ. പദ്മ കേസരിയാണ് പൊലീസിൽ പരാതി നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആശുപത്രിയിൽ വിവാദ സംഭവം നടന്നത്. 2.47 നാണ് ഇവിടെ നിന്ന് ആംബുലൻസിന് പുറപ്പെടാനായത്. അര മണിക്കൂറോളം വൈകിയാണ് ബിനുവിനെ മെഡിക്കൽ കോളേജിൽ എത്തിക്കാനായത്. അപ്പോഴേക്കും ബിനു മരിച്ചു. ഇതോടെ സംഭവം വലിയ തോതിൽ സമൂഹമാധ്യങ്ങളിലടക്കം ചർച്ചയായിരുന്നു.