KeralaNews

രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിച്ചേക്കും; നിയമസഭ സമ്മേളനം 20 മുതൽ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 മുതല്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജനുവരി 20 മുതല്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. 20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. അന്തരിച്ച പ്രമുഖര്‍ക്കും മുന്‍ നിയമസഭാംഗങ്ങള്‍ക്കുമുള്ള ചരമോപചാരം 21ന് നടക്കും. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച 22ന് നടക്കും.

ധനമന്ത്രി അവതരിപ്പിച്ച ബജറ്റിന്‍ മേലുള്ള ചര്‍ച്ച നിയമസഭയില്‍ നടക്കേണ്ടതുണ്ട്. എന്നാല്‍ അതിനു മുമ്പു തന്നെ നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനും സാധ്യതയുണ്ട്. അതിനാല്‍ മുഴുവന്‍ ബജറ്റ് പാസാക്കാതെ ആറു മാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശുമന്ദിരങ്ങളിലും നഴ്‌സറി സ്‌കൂളുകളിലും ഓണറേറിയം/ ദിവസവേതന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന, നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പത്തോ അതിലധികമോ വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരുന്നരെയാണ് സ്ഥിരപ്പെടുത്തുക. ലൈബ്രേറിയന്‍, നഴ്‌സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button