
ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ധാരണ. തേജസ്വിയെ അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായി. നാളത്തെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിക്കും. സഖ്യത്തിലെ ഭിന്നത ഒഴിവാക്കാനാണ് തീരുമാനം എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. പ്രചാരണത്തിലെ ആശയക്കുഴപ്പം ഇതോടെ തീരുമെന്നും കോൺഗ്രസ് അറിയിച്ചു.
മഹാസഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച തേജസ്വി യാദവ്. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യ നേതാക്കളെ ഒപ്പം കൂട്ടാതെ തേജസ്വി ഒറ്റക്ക് വാര്‍ത്താ സമ്മേളനം നടത്തി. അനുനയ നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് തേജസ്വി യാദവിനെ കണ്ടു.
വാര്‍ത്താസമ്മേളനത്തിലുടനീളം ബിഹാറിനെ നയിക്കുമെന്ന് ആവര്‍ത്തിച്ചാണ് മഹസഖ്യത്തിന്റെ മുഖം താന്‍ തന്നെയെന്ന് തേജസ്വിയാദവ് അവകാശപ്പെട്ടത്. സ്ത്രീകള്‍ക്ക് പ്രതിമാസ സഹായമായി പതിനായിരം രൂപയാണ് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചതെങ്കില്‍ സര്‍ക്കാരിന്റെ സന്നദ്ധ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് മുപ്പതിനായിരം രൂപ തേജസ്വി പ്രതിമാസ സഹായമായി പ്രഖ്യാപിച്ചു. ജീവിക ദീദിമാരുടെ ജോലി സ്ഥിരമാക്കുമെന്നും വാഗ് ദാനം ചെയ്തു. മാ ബേട്ടി പദ്ധതിക്കായും പ്രതിമാസം മുപ്പതിനായിരം രൂപ നീക്കി വയ്ക്കുമെന്ന് തേജസ്വി പറഞ്ഞു. ഒരു വീട്ടില്‍ ഒരു സര്‍ക്കാര്‍ ജോലിയെന്ന പ്രഖ്യാപനത്തിന്റെ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ തുടങ്ങുമെന്നും തേജസ്വി യാദവ് അറിയിച്ചു.