KeralaNews

ജി സുധാകരൻ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരൻ: പിന്തുണക്കുന്നതിൽ തെറ്റില്ല: ബെന്നി ബെഹനാന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം വിട്ട ജി സുധാകരനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എംപി. സിപിഎമ്മിന്റെ കേരളത്തിലുള്ള ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരനാണ് ജി സുധാകരന്‍. അദ്ദേഹം സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത് ആ പാര്‍ട്ടിക്കുണ്ടായ അപചയവും ജീര്‍ണതയും വ്യക്തമാക്കുന്നതാണ്. ജീര്‍ണത ബാധിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ സുധാകരന്‍ ഒരു തീരുമാനമെടുത്തപ്പോള്‍, രാഷ്ട്രീയത്തിനതീതമായി നമ്മുടെ നാടിനു വേണ്ടി പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു.

സുധാകരന്‍ അമ്പലപ്പുഴയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. സുധാകരന് പിന്തുണ കൊടുക്കുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സുധാകരന് പിന്തുണ കൊടുക്കുന്നതില്‍ തെറ്റില്ലെന്നാണ് താന്‍ കരുതുന്നത്. എത്രയോ പേരെ സിപിഎമ്മും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസില്‍ നിന്നും കൊണ്ടുപോയി സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. ഇത് കേരളത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. ഇതു തെരഞ്ഞെടുപ്പു വരുമ്പോള്‍ സ്വാഭാവികമായി നടക്കുന്നതാണ്. സുധാകരന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയത്തിന് നല്ലതെന്നു വിശ്വസിക്കുന്നുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളുടെ തീരുമാനം മനസ്സിലാക്കും. എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നത് ഹൈക്കമാന്‍ഡാണ്. ആ തീരുമാനം പ്രാദേശിക ഘടകങ്ങളെ ബോധ്യപ്പെടുത്തും. പ്രാദേശിക വികാരം മാത്രമല്ല ഒരു തെരഞ്ഞെടുപ്പിന്റെ പ്രശ്‌നം. സുധാകരനെ പിന്തുണയ്ക്കുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തവര്‍ എങ്ങോട്ടു പോകുമെന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ പാര്‍ട്ടിയില്‍ നില്‍ക്കും. ഒരാള്‍ക്ക് വേണ്ടിയിട്ടല്ലല്ലോ സ്ഥാനാര്‍ത്ഥിത്വം എന്നു പറയുന്നത്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവര്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കുന്നതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button