ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം; നന്ദിയറിയിച്ച് മോദി
വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്റെ 18-ാമത് ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ സമാപനമായി. സമ്മേളനത്തിൽ പങ്കെടുത്ത ലോകനേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. അടുത്ത ഉച്ചകോടിക്ക് ചൈനയാണ് ആതിഥേയത്വം വഹിക്കുന്നത്.ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോളതലത്തിൽ സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ വെല്ലുവിളികളെ നേരിടാനും മാനവരാശിക്കായി അഭിവൃദ്ധി പ്രാപിക്കാനും സഹകരണത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലൂടെയും ബ്രിക്സ് മുന്നേറണമെന്ന് പ്രധാനമന്ത്രി സമാപന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
സാങ്കേതികവിദ്യയും നിർണായക ധാതുക്കളും ആയുധവൽക്കരണത്തിനായി ഉപയോഗിക്കുന്നതിലും മോദി ആശങ്ക പ്രകടിപ്പിച്ചു.’ഉച്ചകോടിയിൽ അംഗീകരിച്ച ന്യൂഡൽഹി പ്രഖ്യാപനം നമ്മുടെ കാഴ്ചപ്പാടിനും ഭാവി സഹകരണത്തിനും വ്യക്തമായ ദിശാബോധം നൽകുമെന്ന് പ്രത്യാശിക്കുന്നു. ബ്രിക്സ് അതിന്റെ മൂന്നാം പതിറ്റാണ്ടിലേക്ക് കടക്കുകയാണ്. കേവലം ആശയങ്ങളും വാഗ്ദാനങ്ങളുമല്ല, മറിച്ച് മൂർത്തമായ ഫലങ്ങളാണ് ലോകം ഇപ്പോൾ നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ നമുക്ക് തീർച്ചയായും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
അടുത്ത ആതിഥേയ രാജ്യമെന്ന നിലയിൽ ചൈനയ്ക്ക് ഞാൻ ഒരിക്കൽ കൂടി എന്റെ എല്ലാവിധ ആശംസകളും നേരുന്നു’- സമാപന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെനിസ് മണ്ടുറോവ്, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ,
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്തായെൽ സിസി, ഉഗാണ്ട വൈസ് പ്രസിഡന്റ് ജെസീക്ക അലൂപോ, നൈജീരിയൻ വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമ, ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേറിയ, ഉറൂഗ്വായ് വിദേശകാര്യ മന്ത്രി മരിയോ ലുബേദ്കിൻ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുത്തു.
BJP ,kerala, latest news , Narendra Modi,
brics-summit-concludes-in-delhi-modi-expresses-gratitude