മൈക്രോ ഫിനാന്‍സ് മേഖലയില്‍ കിട്ടാക്കടം പെരുകുന്നു
മൈക്രോ ഫിനാന്‍സ് മേഖലയിലെ നിഷ്ക്രിയ ആസ്തി ഇതാദ്യമായി 50,000 കോടി രൂപ പിന്നിട്ടു. മൊത്തം വായ്പകളില്‍ കിട്ടാക്കടമായി മാറിയേക്കാവുന്ന പോര്‍ട്ഫോളിയോ ഒരു വര്‍ഷം മുമ്പത്തെ ഒരു ശതമാനത്തില്‍നിന്ന് 3.2 ശതമാനമായി ഉയരുകയും ചെയ്തു. 2024 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍. വായ്പ നല്‍കുന്നതിലെ ഗുരുതരമായ വീഴ്ചയായാണ് ഇതിനെ കണക്കാക്കുന്നത്.
നിഷ്ക്രിയ ആസ്തിയിലെ വര്‍ധനവിന് ആനുപാതികമായി തുടര്‍ച്ചയായി മൂന്നാമത്തെ പാദത്തിലും മൈക്രോ ഫിനാന്‍സ് വായ്പകളുടെ തോതില്‍ കുറവുണ്ടായി. മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് ഈടില്ലാതെ നല്കുന്ന വ്യായ്പാകളാണ് മൈക്രോ ഫിനാന്‍സില്‍ ഉള്‍പ്പെടുന്നത്. ഈ വായ്പകളേറെയും എടുത്തിട്ടുള്ളത് സ്ത്രീകളാണ്. ഈ വിഭാഗത്തില്‍ കൂടുതല്‍ വായ്പകള്‍ നല്കിയ ബന്ധന്, ഐഡിഎഫ്സി ഫെസ്റ്റ്, ഇന്‍ഡസിന്‍ഡ്, ആര്‍ബിഎല്‍ എന്നീ ബാങ്കുകളാണ് സമ്മര്‍ദം നേരിടുന്നത്. ഡിസംബര്‍ 31വരെയുള്ള കണക്ക് പ്രകാരം, ബന്ധന് ബാങ്ക് നല്കിയ സുരക്ഷിതമല്ലാത്ത 56,120 കോടി രൂപ മൂല്യമുള്ള വായ്പകളില്‍ 7.3 ശതമാനം കിട്ടാക്കടമായി. ഈടില്ലാത്ത വായ്പകളാണ് സുരക്ഷിതമല്ലാത്ത വായ്പകളായി കണക്കാക്കുന്നത്. സുരക്ഷിതമല്ലാത്ത എല്ലാ വായ്പകളും മൈക്രോ ഫിനാന്‍സില്‍ ഉള്‍പ്പെടുന്നുമില്ല. മൈക്രോ ഫിനാന്‍സ് മേഖലയിലെ സമ്മര്‍ദം സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ പ്രവര്‍ത്തന ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ നഷ്ടം രേഖപ്പെടുത്തി. ഈ വിഭാഗം ബാങ്കുകളുടെ മൈക്രോ ഫിനാന്‍സ് വായ്പകളില്‍ 18.3 ശതമാനത്തോളം നഷ്ക്രിയ ആസ്തിയായി മാറുകയും ചെയ്തു. വന്‍കിട ബാങ്കുകളുടെ അനുപാതമാകട്ടെ 15.7 ശതമാനമാണ്. മൈക്രോ വായ്പകളുടെ റിസ്ക് വെയ്റ്റേജ് 125 ശതമാനത്തില്‍നിന്ന് 75 ശതമാനമായി കുറയ്ക്കാനുള്ള ആര്‍ബിഐയുടെ നീക്കം മൈക്രോ ഫിനാന്‍സ് കമ്പനികള്‍ക്ക് നേട്ടമാകും. ഫണ്ടിനുള്ള ചെലവ് കുറയുകയും കൂടുതല്‍ വായ്പ നല്‍കാനുള്ള പണം ലഭിക്കുകയും ചെയ്യും.