ചട്ടലംഘനം: ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴ ചുമത്തി ഇ ഡി
ന്യൂഡൽഹി: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി പിഴ ചുമത്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് തുടങ്ങി ബിബിസിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി പിഴ നൽകണമെന്നും ഇ ഡി വ്യക്തമാക്കി. 2023 ൽ ഡയറക്ടർമാർക്ക് ഇ ഡി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പിഴ ചുമത്തൽ നടപടി.
2021 ഒക്ടോബർ 15 മുതൽ ഇതുവരെ ഓരോ ദിവസവും 5000 രൂപ വെച്ചാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബിബിസിക്കെതിരായ നടപടി. 100 ശതമാനം വിദേശ നിക്ഷേപമുള്ള കമ്പനിയാണ് ബിബിസി ഇന്ത്യ. 2019 സെപ്റ്റംബർ 18 ന് ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) പുറത്തിറക്കിയ പ്രസ് നോട്ട് 4 പ്രകാരം, ഡിജിറ്റൽ മീഡിയയ്ക്ക് 26 ശതമാനം എഫ്ഡിഐ പരിധി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ബിബിസി ലംഘിച്ചതായാണ് ആരോപണം.