KeralaNews

ഹിജാബ് വിവാദം ; കുട്ടിക്ക് താല്പര്യമുണ്ടെങ്കിൽ കേരളത്തിലെ ഏത് സ്കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷൻ നൽകും: മന്ത്രി വി ശിവൻകുട്ടി

പള്ളുരുത്തി സെൻ്റ്. റീത്താസിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കാര്യങ്ങൾ ആവർത്തിച്ചു പറയുന്നില്ല. കുട്ടിയുടെ പിതാവ് ടി.സി വാങ്ങാൻ തീരുമാനിച്ചു. കുട്ടിക്ക് താല്പര്യമുണ്ടെങ്കിൽ കേരളത്തിലെ ഏത് സ്കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷൻ നൽകും. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അതിനുത്തരവാദി സ്കൂൾ മാനേജ്മെന്റെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്. ഒരു കുട്ടിയെ വിദ്യാലയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കലാണ്. സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ട ആ കുഞ്ഞ് അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും. സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിലപാടാണ് ആ കുഞ്ഞിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ ഉത്തരവാദിത്വമുള്ള വിഷയമാണ്. കേരളത്തിലെ വിദ്യാലയങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി വേണം പ്രവര്‍ത്തിക്കാന്‍. ഭരണഘടന ഉറപ്പുനല്‍കുന്ന വിദ്യാര്‍ഥികളുടെ മൗലിക അവകാശങ്ങളില്‍ കടന്നുകയറാനോ അതിനെതിരായി സ്വന്തം ചട്ടങ്ങള്‍ ഉണ്ടാക്കാനോ ഒരു സ്‌കൂള്‍ മാനേജ്‌മെന്റിനും അധികാരമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല’- ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button